ഡിജിറ്റൽ റിപോസിറ്ററി
പാഠ്യ വിഷയങ്ങളുടെ ഡിജിറ്റൽ ശേഖരം – വിദ്യാർത്ഥികൾ ക്കായുള്ള ഓൺലൈൻ സൗകര്യം
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) സംസ്ഥാന സർവകലാശാലകളിലെ ബിരുദ (UG), ബിരുദാനന്തര (PG) വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സാമഗ്രികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ഈ പ്റ്റ്ഫോം B.Sc., B.A., B.Com., B.B.A., M.Sc., M.A., M.Com. തുടങ്ങിയ പ്രോഗ്രാമുകളിൽ ചേർന്നിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഏകജാലക സംവിധാനം (single-window) വഴി പാഠ്യ വിഷയങ്ങൾ തിരയാനും, കാണാനും, ഡൗൺലോഡ് ചെയ്യാനും അവസരം നൽകുന്നു. ഇപ്പോൾ, 3,000- ത്തിലധികം ഇ-വിഭവങ്ങൾ (e-resources) പോർട്ടലിൽ ലഭ്യമാണ്. ഇതിൽ 500-ത്തിലധികം പഠന സാമഗ്രികള്‍ നേരിട്ടും YouTube ലിങ്കുകൾ ഉൾപ്പെടുന്ന വിവിധ വിഷയങ്ങളിലെ ഉള്ളടക്കങ്ങളും ഉൾപ്പെടുന്നു. സർക്കാർ, അനുബന്ധ കോളേജുകളിലെ അധ്യാപകരുടേയും സർവകലാശാലകളുടേയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം, തുടർച്ചയായി വിപുലീകരിച്ചു കൊണ്ടിരിക്കുന്നു. KSHEC, പോർട്ടലിന്‍റെ മെച്ചപ്പെടുത്തലിനായി 1 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിൽ അധ്യാപകർക്ക് ഡിജിറ്റൽ ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള പരിശീലനം, ഉയർന്ന നിലവാരമുള്ള ഇ-കണ്ടന്‍റ് സൃഷ്ടിക്കാനുള്ള സാമ്പത്തിക പിന്തുണ, മുൻനിര ഡിജിറ്റൽ ബോധന ശാസ്ത്ര ഉപകരണങ്ങളുടെ ഏകീകരണം എന്നിവ ഉൾപ്പെടുന്നു. ഭാവിയിലെ പ്രധാന ലക്ഷ്യങ്ങളിൽ വിഭവങ്ങളുടെ എണ്ണം 5,000-ത്തിലധികമാക്കുക, ഉള്ളടക്കത്തിന്‍റെ ഗുണ നിലവാരം മെച്ചപ്പെടുത്തുക, അധ്യാപകർ നടത്തുന്ന ക്ലാസുകൾക്ക് റിയൽ-ടൈം പ്രവേശനം അനുവദിക്കുക, റിപോസിറ്ററിയെ സംസ്ഥാന തല ഗവേഷണ-നവീകരണ ജ്ഞാന ശേഖരമായി മാറ്റുക എന്നിവ ഉൾപ്പെടുന്നു.