
നാലു വർഷ ബിരുദ പരിപാടി
ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും മുന്‍പില്ലാത്തവിധം, വേഗത്തില്‍ വരുന്ന 21-ാം നാറ്റാണ്ടിലെ മാറ്റങ്ങള്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ വെല്ലു വിളികളുയര്ത്തുകയാണ്. നാള്‍ക്കുനാള്‍ ലോകം പരസ്പര ബന്ധിതമായിക്കൊണ്ടിരിക്കുമ്പോള്, കൂടുതല്‍ അവസരങ്ങളും അതോടൊപ്പം വെല്ലുവിളികളും ഉയര്‍ന്നു വരുന്നു. ഈ സാഹചര്യങ്ങളെ അതിജീവിക്കാന്‍ മാത്രമല്ല, വളര്‍ന്നു മുന്നേറാനും നമ്മുടെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ 21-ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന നൈപുണികള്‍ അവരില്‍ വളര്‍ത്താന്‍ തക്കവിധം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വ്യവസ്ഥ കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തമുള്ളതാകണം. സുസ്ഥിര മാതൃകയിലുള്ള സാമൂഹ്യവും സാങ്കേതികവുമായ കണ്ടുപിടിത്തങ്ങളിലൂടെ വികസനം സാധ്യമാക്കുന്ന ഒരു ജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയ്ക്കു കഴിയണം. നാലു വര്‍ഷ ബിരുദ പാഠ്യപദ്ധതിയുടെ മുഖ്യലക്ഷ്യമായി, ജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ വികസിപ്പിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ശക്തമായ ജ്ഞാന സമൂഹത്തെ സൃഷ്ടിക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.



