Erudite- Scholar in Residence
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ 'Erudite-Scholar in Residence’ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നോബല്‍ സമ്മാനജേതാക്കളെയും ലോകപ്രശസ് പണ്ഡിതന്മാരെയും നേരിട്ട് കണ്ടുമുട്ടി ആശയ വിനിമയം നടത്താന്‍ അവസരം നല്‍കുന്ന ഇന്ത്യയിലെ ഏക പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ നമ്മുടെ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നോബല്‍ സമ്മാനജേതാക്കളെയും മറ്റ് പ്രഗത്ഭരായ പണ്ഡിതന്മാരെയും ക്ഷണിച്ച്, കഴിവുള്ള യുവ ഗവേഷകരുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചു.
ബയോകെമിസ്ട്രിയിലെ Roger Tsein, മെഡിസിനിലെ Ferid Murad, ബയോകെമിസ്ട്രിയിലെ Robert Huber, കെമിസ്ട്രിയിലെ Johann Deisenhofer, കെമിസ്ട്രിയിലെHarold Walter Kroto, ഫിസിക്സിലെ Authony Leggett എന്നിവരും ഇക്കണോമിക്സിലെ Paul Krugman, ഫിസിക്സിലെ Prof.Zhores I Alferon, കെമിസ്ട്രിയിലെ Prof. Roger Y Tsion, കെമിസ്ട്രിയിലെ Prof. Martin Chalfie, നോബല്‍ ജ്യൂറി അംഗം Prof. Anders Liljas, Prof. Samir Kumar Brahmachari എന്നിവരും ഉള്‍പ്പെടെ നിരവധി പണ്ഡിതന്മാരെ സംസ്ഥാന സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യാമ്പസിലേക്ക് കൊണ്ടുവന്നു. ലോകമെമ്പാടുമുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോബല്‍ സമ്മാനജേതാക്കളെ കാണാനും അവരുമായി നേരിട്ട് ആശയ വിനിമയം നടത്താനും അവസരം വളരെ വിരളമാണ്. ഇത്തരം സാഹചര്യത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിജ്ഞാന പങ്കിടലിനായി രൂപകല്പന ചെയ്തിരിക്കുന്ന ഈ പദ്ധതി വളരെ പ്രാധാന്യമുള്ളതാണ്.
നോബല്‍ ജേതാക്കളുടെ അറിവും അനുഭവങ്ങളും ലഭിക്കുന്നത് നമ്മുടെ യുവ ഗവേഷകരെ ബൗദ്ധികമായും മാനസികമായും സാമൂഹികമായും വളര്‍ത്തുന്നു; അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയര്‍ത്തുന്നു. നോബല്‍ ജോതാക്കളുള്‍പ്പെടുന്ന പണ്ഡിതന്മാർ തങ്ങള്‍ക്കിഷ്ടമുള്ള വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും, തങ്ങളുടെ ഗവേഷണ മേഖലകളിലെ ശാസ്ത്രീയ പുരോഗതികള്‍ പങ്കുവയ്ക്കുകയും, യുവ ഗവേഷകര്‍ക്ക് അക്കാദമിക് കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും, പുതിയ ഗവേഷണ ചോദ്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും, കഴിവുള്ള അധ്യാപകരെ സഹഗവേഷണ പദ്ധതികളിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷണത്തില്‍ കഴിവുള്ള നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കുന്നതിലും അന്തര്‍ദേശീയ ഗവേഷണ സഹകരണങ്ങള്‍ക്ക് അവസരം തുറക്കുന്നതിലും ഈ പദ്ധതിയുടെ പ്രധാന പങ്ക് തിരിച്ചറിഞ്ഞ് Erudite-Scholar in Residence Programme - നെ പുതുക്കി കൊണ്ടുവരുന്നു.
ഇതിനുപുറമേ, ‘Brain Gain’ എന്ന പുതിയ ഘടകം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് KSHEC. ‘Brain Drain’ നെ ചെറുക്കുന്നതിനായാണ് ഇത്. ഇതിലൂടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിരിക്കുന്ന പ്രവാസി മലയാളി പണ്ഡിതന്മാരെ Scholar in Residence ആയി എത്തിക്കാനും, സാധ്യമെങ്കില്‍ പരിപാടിയുടെ ഭാഗമായി ഒരു കോഴ്സ് പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇതുവഴി വിദേശത്തുനിന്ന് വരുന്ന അധ്യാപകരും നമ്മുടെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും പുതിയ പഠനത്തിനുള്ള അവസരത്തോടൊപ്പം സാംസ്കാരിക ഐക്യവും പങ്കിടും. അതിലൂടെ വ്യത്യസ്തമായ പഠനാനുഭവവും, കഴിവുള്ള യുവ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങളും, അധ്യാപകര്‍ക്ക് വിലപ്പെട്ട ഗവേഷണ സഹകരണത്തിനുള്ള സാധ്യതകളും ലഭ്യമാകും.
Erudite-Scholar in Residence Scheme നുള്ള പ്രൊപ്പോസലുകള്‍ KSHEC ലേക്ക് നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍, പണ്ഡിതന്‍റെ CV, പരിപാടിയെക്കുറിച്ചുള്ള വിശദമായ ആക്ഷന്‍ പ്ലാന്‍, ആതിഥേയ സ്ഥാപനത്തിനോ വിഭാഗത്തിനോ പരിപാടിയുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ് എന്നിവ സഹിതം, പരിപാടി നടക്കാനിരിക്കുന്ന തീയതിക്ക് കുറഞ്ഞത് രണ്ടുമാസം മുമ്പ് സമര്‍പ്പിക്കണം.
സര്‍വ്വകലാശാലാ വിഭാഗങ്ങളില്‍ നിന്നുള്ള പ്രൊപ്പോസലുകള്‍ രജിസ്ട്രാര്‍ മുഖാന്തിരം ഫോര്‍വേഡ് ചെയ്യണം. കോളേജ് വിഭാഗങ്ങളുടെ കാര്യത്തില്‍, പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്ത് ഫോര്‍വേഡ് ചെയ്യണം.
എല്ലാ പ്രോപ്പോസലുകളും ഇതിന് വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും, ഗുണമേډയെ അടിസ്ഥാനമാക്കി അംഗീകാരം നല്‍കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി അതിഥി പണ്ഡിതന് ഔദ്യോഗിക ക്ഷണം നല്‍കുന്നത് KSHEC യുടെ അധികാരമാണ്.
പരിപാടിക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക.