Office Hours: 10.00am - 5.00pm

ദൗത്യം

സമഗ്രവും സജീവവുമായ ഉന്നത വിദ്യാഭ്യാസ പരിതസ്ഥിതി സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍, സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ ഒന്നിപ്പിക്കുന്ന ഒരു ഏകോപന ഉപദേശക സമിതിയായിട്ടാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിഭാവനം ചെയ്തിട്ടുള്ളത്. സര്‍ക്കാരും സര്‍വകലാശാലകളും തമ്മിലും സര്‍വകലാശാലകളും പരമോന്നത നിയന്ത്രണ സമിതികളും തമ്മിലും ബന്ധിപ്പിച്ചുകൊണ്ട് കൗണ്‍സില്‍ ഇവയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും പരിശ്രമിക്കുന്നു.


എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വയം ഭരണവും ഉത്തരവാദിത്തവും ഉറപ്പാക്കുക, നയരൂപീകരണത്തിനും ദീര്‍ഘമായ വിദ്യാഭ്യാസ ആസൂത്രണത്തിനുമായി സംസ്ഥാന സര്‍ക്കാരിന് അക്കാദമിക വിവരങ്ങള്‍ നല്‍കുകയും അതുവഴി അക്കാദമിക മികവും സാമൂഹ്യനീതിയും പ്രോത്സാഹിപ്പിക്കുക, സംസ്ഥാനത്തിന്‍റെ സാമൂഹ്യ- സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയും വികസനവും എങ്ങനെയാവണമെന്ന് മാര്‍ഗദര്‍ശനം നല്‍കുക തുടങ്ങിയ തത്വങ്ങളില്‍ കേന്ദ്രീകൃതമാണ് കൗണ്‍സിലിന്‍റെ ദര്‍ശനം.

ഈ ദർശനം നടപ്പാക്കുന്നതിനായി,സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം നയങ്ങള്‍ എങ്ങനെ നടപ്പിലാക്കുന്നുവെന്ന് അവലോകനം ചെയ്യാനും ഏകോപിപ്പിക്കാനും കൗൺസിലിന് അധികാരമുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളും ദേശീയ തലത്തിലെ നിയന്ത്രണ സ്ഥാപനങ്ങളും (യൂണിവേഴ്സിറ്റി ഗ്രാന്‍റസ് കമ്മീഷന്‍ AICTE, NCTE, മെഡിക്കൽ കൗൺസിൽ, ബാർ കൗൺസിൽ മുതലായവ) പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ ഏകോപിപ്പിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിൽ പുതിയ ആശയങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും, സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും പൊതു സൗകര്യങ്ങൾ നൽകുകയും, വികസനത്തിനായി ധനസമാഹരണം ഉറപ്പാക്കുകയും, സാമൂഹ്യനീതി – വിദ്യാഭ്യാസ മികവ് തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടു പോകുന്ന മറ്റു പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നു.

ദർശനം

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും സുസ്ഥിരമായ സാമൂഹ്യ പുരോഗതിയ്ക്കുമായി ഉന്നത വിദ്യാഭ്യാസത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. മൗലികമായ പരിഷ്ക്കാരങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് കൗണ്‍സില്‍ ചരിത്രപരമായ അസമത്വങ്ങളെ മറികടക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേയ്ക്ക് തുല്യമായ പ്രവേശനം ഉറപ്പുവരുത്താനും പരിശ്രമിക്കുന്നു. അറിവ് നേടുന്നതോടൊപ്പം സര്‍ഗാത്മകത, വിമര്‍ശനചിന്ത, ഉത്തരവാദിത്തമുള്ള പൗരത്വം തുടങ്ങിയവ പഠിതാക്കളില്‍ അങ്കുരിപ്പിക്കുന്ന സജീവവും പ്രതികരണാത്മകവുമായ ഒരു വിദ്യാഭ്യാസഘടന കൗണ്‍സില്‍ വിഭാവനം ചെയ്യുന്നു.


സാമൂഹ്യനീതി, തുല്യത, മികവ് തുടങ്ങിയ തത്വങ്ങളിലധിഷ്ഠിതമായി സംസ്ഥാനത്തിന്‍റെ സാമ്പത്തിക വികസനത്തിനും സാങ്കേതിക കുതിപ്പിനും സാംസ്കാരിക ചൈതന്യത്തിനും സംഭാവനകള്‍ നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പരിശ്രമിക്കുന്നു. ഉയര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍, പാരിസ്ഥിതിക സുസ്ഥിരത, ആഗോള മത്സരാധിഷ്ഠിതത്വം തുടങ്ങിയ ഭാവി ഉന്മുഖമായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ സ്ഥാപനങ്ങളെയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കുകയാണ് കൗണ്‍സിലിന്‍റെ ലക്ഷ്യം.

വിദ്യാർത്ഥികൾ, അധ്യാപകർ, നയരൂപീകര്‍ത്താക്കള്‍,വ്യവസായങ്ങൾ, പ്രാദേശിക സമൂഹങ്ങൾ തുടങ്ങിയ വിപുലമായ പങ്കാളികളുമായി സജീവ ഇടപെടലുകളിലൂടെയും സംവാദത്തി ലൂടെയും സഹകരണത്തിലൂടെയും കൗൺസിൽ പങ്കാളിത്തപരമായ സമീപനം വളർത്തുന്നു. ഇങ്ങനെ ചെയ്‌തുകൊണ്ട്, രാജ്യത്തിന് മാതൃകയാകുന്ന ശക്തവും നവീനവുമായ ലോകോത്തര ഉന്നX വിദ്യാഭ്യാസ പരിXസ്ഥിതി സൃഷ്ടിക്കുകയാണ് ലക്ഷ്യം.