
കേരളത്തില്‍ പഠിക്കുക
കേരളത്തിലെ സര്‍വ്വകലാശാലകളിലേക്കും കോളേജുകളിലേക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്‍റെ പ്രാധാന്യം 2022 ല്‍ കേരള സര്‍ക്കാരിന്‍റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുമ്പാകെ സമര്‍പ്പിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
മികച്ച സാമ്പത്തിക അടിസ്ഥാന സൗകര്യം, ശക്തമായ അക്കാദമിക് പ്രവാസി സമൂഹം, ഉന്നത നിലവാരത്തിലുള്ള ഡിജിറ്റല്‍ കണക്റ്റിവിറ്റി, ബഹുസ്വരതയുളള സമൂഹം, ഭൗമ സ്ഥാനം കൂടാതെ പ്രകൃതി സൗന്ദര്യം, സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മേഖലയിലെ മികവ്, വ്യോമയാന സൗകര്യങ്ങള്‍ എന്നിവയാണ് വിദേശ വിദ്യാര്‍ത്ഥികളെ സ്വയം ധനസഹായത്തോടെ നടത്തുന്ന ഹ്രസ്വകാല പഠന പരിപാടികളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കേരളത്തിന്‍റെ ശക്തമായ ഘടകങ്ങള്‍.പ്രധാനമായും അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരു പ്രധാന വിഭാഗമായുണ്ട്. ഇതുവഴി കേരളത്തിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ഹ്രസ്വകാല പഠന പരിപാടികള്‍ക്കായി ആകര്‍ഷിക്കാന്‍ സഹായകരമായ സാഹചര്യം ഒരുക്കുന്നു.
സ്റ്റഡി ഇന്‍ കേരളയുടെ ഭാഗമായി ഹ്രസ്വകാല വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുകയും ആഗോള പ്രസക്തിയുള്ള വിഷയങ്ങളില്‍ നൂതനമായ പ്രോഗ്രാമുകള്‍ പഠിക്കാനും സാംസ്കാരികമായ ഇഴുകിച്ചേരലിനും അവസരമൊരുക്കും.
